ഒരു പഞ്ചകല്യാണിയുടെ ദാരുണാന്ത്യം. - Pallibhagam youth Movement Kudassanad

Breaking

Thursday, January 16, 2020

ഒരു പഞ്ചകല്യാണിയുടെ ദാരുണാന്ത്യം.

ഒരു പഞ്ചകല്യാണിയുടെ ദാരുണാന്ത്യം.
മലങ്കര മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ് മാർ അത്താനാസിയോസിൻ്റെ അരുമയായ പെൺകുതിരയായിരുന്നു ശോമി. ഇന്ത്യയിലെ ഏറ്റവും മികച്ച കുതിരയാണ് കത്തിയവാറിലെ പഞ്ചകല്യാണി എന്നു വിളിക്കുന്ന ഇനം. രജപുത്രവീരനായ റാണാ പ്രതാപ് സിംഹിൻ്റെ പ്രശസ്തമായ ചേതക് എന്ന കുതിര മാത്രമല്ല സാക്ഷാൽ ശ്രീകൃഷ്ണൻ ഉപയോഗിച്ചിരുന്നതും പഞ്ചകല്യാണി ഇനത്തിൽ പെട്ട കുതിരയായിരുന്നു എന്നാണ് വിശ്വാസം. തവിട്ടോ കടുംതവിട്ടോ നിറത്തിൽ നാലു കണങ്കാലിലും മുഖത്തും വെളുത്ത ചുട്ടിയുള്ള പഞ്ചകല്യാണി പുരാതനകാലം മുതൽ പടയോട്ടങ്ങളിലും രാജകീയ സവാരികൾക്കും മികച്ചത് എന്നു കീർത്തി കേട്ടവയാണ്.
ബോംബേയിലെ കുതിരപ്പന്തയങ്ങളിൽ സ്ഥിരം വിജയിയായിരുന്ന പഞ്ചകല്യാണി ഇനത്തിൽ പെട്ടതും വേഗതയിലും കായിക ശേഷിയിലും മുമ്പന്തിയിൽ നിൽക്കുന്നതുമായ ഒരു പെൺകുതിരയെ 1840 മുതൽ 1860 തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡണ്ട് ആയിരുന്ന മേജർ ജനറൽ കല്ലൻ മോഹവിലയ്ക്ക് വാങ്ങി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
അതേ കാലഘട്ടത്തിൽ തന്നെ തിരുവിതാംകൂറിലെ ഉത്രം തിരുനാൾ മഹാരാജാവിൻ്റെ രാജകീയ വിളംബരത്തോടെയും ബ്രിട്ടീഷ് അധികാരികളുടെ ഒത്താശയോടെയും മലങ്കരയിലെ സുറിയാനി നസ്രാണികളുടെ പരമോന്നത ആത്മീയ നേതാവായ മാർത്തോമയായി പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത എതിർപ്പുകളെ അതിജീവിച്ച് 1852-ൽ അവരോധിതനായി. തദവസരത്തിൽ ജനറൽ കല്ലൻ മെത്രാപ്പോലീത്തയോടുള്ള സ്നേഹബഹുമാനങ്ങളുടെ ഭാഗമായി താൻ വാങ്ങി വളർത്തുന്ന പഞ്ചകല്യാണിക്കുതിരയെ ഉപഹാരമായി സമർപ്പിച്ചു.
മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത കോട്ടയത്ത് പഴയ സെമിനാരിയോടു ചേർന്ന് കുതിരലായം കെട്ടിയുണ്ടാക്കി ഈ കുതിരയെ വളർത്തി. കടുത്ത തവിട്ടുനിറത്തിൽ കാലുകളിലും മുഖത്തും വെള്ളച്ചുട്ടിയുള്ള സുന്ദരിയായ ഈ കുതിരയ്ക്ക് "ശോമി" എന്ന പുതിയ പേര് തിരുമേനി നൽകി. ഈ കുതിരയുടെ മുകളിൽ കയറി സഞ്ചരിക്കുന്നതിനും അതിനെ നിയന്ത്രിക്കുന്നതിനുമെല്ലാം തിരുമേനി പരിശീലിച്ചു. മരുപ്രദേശത്ത് ജനിച്ചുവളർന്ന ശോമിക്ക് കടുത്ത ചൂടും തണുപ്പും സഹിക്കുന്നതിനും ശേഷിയുണ്ടായിരുന്നു. ഭക്ഷണകാര്യങ്ങളിലും നിർബന്ധങ്ങളില്ല. വട്ടയപ്പമായിരുന്നു തിരുമേനി തൻ്റെ വളർത്തുമകൾക്ക് നൽകിയിരുന്ന വിശിഷ്ട ഭക്ഷണം!
മെത്രാപ്പോലീത്താ സഭാകാര്യങ്ങൾക്കായി വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത് ശോമിയുടെ പുറത്തേറിയായിരുന്നു. അംഗവസ്ത്രങ്ങളണിഞ്ഞ മെത്രാപ്പോലീത്തയുടെ കുതിരപ്പുറത്തുള്ള യാത്ര അക്കാലത്ത് കോട്ടയത്തെ ഒരു കൗതുകക്കാഴ്ച കൂടിയായിരുന്നു. ശോമിയും തിരുമേനിയും തമ്മിൽ അഗാധമായ ആത്മബന്ധം ഉടലെടുത്തിരുന്നു. എവിടെ പോയാലും സഭാഭരണകാര്യങ്ങൾ കഴിഞ്ഞുള്ള സമയത്ത് ശോമിയെ പരിചരിക്കുന്നതിനും തീറ്റ കൊടുക്കുന്നതിലുമൊക്കെ തിരുമേനി പ്രത്യേകം സമയം മാറ്റിവച്ചിരുന്നു.
മാത്യൂസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്ത മാർത്തോമയായി സ്ഥാനമേൽക്കുന്നതിനും തൊട്ടുമുമ്പുതന്നെ മലങ്കര സുറിയാനി സഭയിൽ കാറും കോളും നിറഞ്ഞ സംഘർഷങ്ങളുടെ കാലഘട്ടമായിരുന്നു. കേണൽ മൺറോയുടെ കാലം മുതൽ ബ്രിട്ടീഷ് മേൽക്കോയ്മ സുറിയാനി ക്രിസ്ത്യാനികളെ പ്രോട്ടസ്റ്റൻ്റ് ധാരയിലേക്ക് കൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി കോട്ടയത്ത് ആരംഭിച്ച കോട്ടയം സിറിയൻ കോളജിൻ്റെ പ്രവർത്തനങ്ങൾക്കിടയിൽ ഈ ലക്ഷ്യം മറനീക്കി പുറത്തുവന്നു. തുടർന്ന് 1836ൽ ഉണ്ടായ മാവേലിക്കര പടിയോലയിലെ നിശ്ചയപ്രകാരം ഇംഗ്ലീഷ് മിഷണറിമാരുമായുള്ള ബന്ധം മലങ്കര സുറിയാനിസഭ വേർപെടുത്തി.
എന്നാൽ ഇംഗ്ലീഷുകാർ പ്രചരിപ്പിച്ച യൂറോപ്യൻ നവോത്ഥാന ആശയം ഉൾക്കൊണ്ട് മലങ്കരസഭയുടെ ഉള്ളിൽ തന്നെ നവീകരണക്കാരുടെ ഒരു പക്ഷം ഉയർന്നു വന്നു. പാലക്കുന്നത്ത് ഏബ്രഹാം മൽപ്പാൻ ഈ ആശയത്തിൻ്റെ പ്രധാന വക്താവായി. സഭയുടെ അധികാരം പാരമ്പര്യവാദികളുടെ പക്ഷത്തുനിന്ന് പിടിച്ചെടുക്കാൻ കരുക്കൾ നീക്കിയ എബ്രഹാം മല്പാൻ ജ്യേഷ്ഠപുത്രനായ മാത്തൻ ശെമ്മാശ്ശനെ 1842 ൽ അന്തോഖ്യയിലേക്ക് അയച്ചു. മർദ്ദിനിൽ വച്ച് ഏലിയാസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ, മാത്തൻ ശെമ്മാശ്ശനെ മാത്യൂസ് മാർ അത്താനാസിയോസ് എന്ന നാമത്തോടെ മെത്രാനായി വാഴിച്ചു; (വാഴിച്ചതായി അവകാശപ്പെട്ടു എന്ന് മറുവാദമുണ്ട്). തിരികെയെത്തിയ അദ്ദേഹം മാർത്തോമാ സ്ഥാനത്തിന് അവകാശമുന്നയിച്ചു. പാരമ്പര്യവാദികളുടെ കടുത്ത എതിർപ്പിനെ നേരിടേണ്ടി വന്നു എങ്കിലും രാജവിളംബരം മാത്യൂസ് മാർ അത്താനാസിയോസിന് അനുകൂലമായിരുന്നു. അങ്ങനെയാണ് 1852 ൽ അദ്ദേഹം മാർത്തോമയായത്.
മാത്യൂസ് മാർ അത്താനാസിയോസ് മലങ്കരയിലെ പള്ളികൾ മുഴുവൻ തനിക്കുള്ള അധികാരം ഉപയോഗിച്ച് തൻ്റെ പക്ഷത്തേക്ക് വരുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി. സർക്കാറിൻ്റെ പിന്തുണയുണ്ടായിരുന്നതിനാൽ എതിർപ്പുകളെ അതിജീവിക്കാനും വിശ്വാസികളിൽ ഒരു വിഭാഗത്തെ വരുതിയിലാക്കാനും അദ്ദേഹത്തിന് സാധിച്ചു.
നവീകരണ പക്ഷക്കാരുടെ പിന്തുണയോടെ വിവിധ പള്ളികൾ സന്ദർശിച്ച് വിശ്വാസസമൂഹത്തെ തന്നോടൊപ്പം നിർത്താനുള്ള ശ്രമത്തിനെതിരെ പരമ്പരാഗത പക്ഷം കടുത്ത ചെറുത്തുനിൽപ്പുകൾ സംഘടിപ്പിച്ചു. യാക്കോബായ ഓർത്തഡോക്സ് വിശ്വാസം സമ്പൂർണ്ണമാണെന്നും നവീകരണ ആശയങ്ങൾ നൂറ്റാണ്ടുകളോളം തുടർന്നു വരുന്ന സുറിയാനി ഓർത്തഡോക്സ് വിശ്വാസത്തിന് കടകവിരുദ്ധമാണെന്നുമായിരുന്നു പുലിക്കോട്ടിൽ രണ്ടാമൻ നേതൃത്വം കൊടുത്ത പാരമ്പര്യവാദികളുടെ നിലപാട്.
അക്കാലത്ത് പുതുപ്പള്ളി പള്ളിയുടെ കീഴിൽ നവീകരണവാദികളുടെ ഒരു വിഭാഗം ശക്തിയാർജ്ജിച്ചിരുന്നു. അവരുടെ ആഗ്രഹപ്രകാരം മാത്യൂസ് മാർ അത്താനാസിയോസ് ഏതാനും മാസങ്ങൾ പുതുപ്പള്ളി സെൻ്റ് ജോർജ് പള്ളിയിൽ വന്നു താമസിച്ചു. ശോമിയുടെ പുറത്തേറിയാണ് തിരുമേനി എത്തിയത്. കൂടാതെ മുത്തുക്കറമ്പൻ എന്നു പേരായ തിരുവട്ടാറുകാരനായ ഒരു ഭീമാകാരൻ തിരുമേനിയുടെ അംഗരക്ഷകനായി ഒപ്പമുണ്ടായിരുന്നു. തിരുമേനിയുടെ പുതുപ്പള്ളിയിലെ സാന്നിധ്യം എതിർവിഭാഗക്കാരെ ചൊടിപ്പിച്ചു. പുതുപ്പള്ളി പള്ളിയിലെ ഗീവർഗീസ് സഹദയുടെ സ്വർണ്ണവടി എടുത്തു മാറ്റിയത് അവിടെയും കോളിളക്കങ്ങൾ സൃഷ്ടിച്ചു. മെത്രാപ്പോലീത്തയെ കയ്യേറ്റം ചെയ്യാനാവാത്തതിനാൽ അവർ സംഘം ചേർന്ന് മുത്തുക്കറമ്പനെ നേരിടുകയും മർദ്ദനമേറ്റ് അവശനായ അയാൾ നാട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
അതിനടുത്ത ദിവസം തന്നെ ആരൊക്കെയോകൂടി വയലിൽ മേഞ്ഞു നിന്ന ശോമിയെ തല്ലിക്കൊന്നു. ആരോ വിഷം കൊടുത്തതിനെ തുടർന്ന് ലായത്തിൽ കുതിര മരിച്ചു കിടന്നു എന്നുമൊരു ഭാഷ്യവുമുണ്ട്. ഈ സംഭവങ്ങളോടെ അത്താനാസിയോസ് മെത്രാപ്പോലീത്ത അതീവദുഖിതനായി തീരുകയും പഴയ സെമിനാരിയിലേക്ക് തിരിച്ചുപോരുകയുമാണുണ്ടായത്.
എല്ലായിടങ്ങളിലും നവീകരണക്കാരും പാരമ്പര്യവാദികളും ആശയപരമായും ചിലപ്പോൾ കായികമായും ഏറ്റുമുട്ടിക്കൊണ്ടിരുന്നു.
ഇത് മലങ്കരസഭയെ പിളർപ്പിലേക്ക് എത്തിച്ചു. മലങ്കര സുറിയാനി മാർത്തോമാ സഭയെന്ന പേരിൽ പിന്നീട് നവീകരണവാദികളുടെ സ്വതന്ത്ര്യസഭ രൂപപ്പെടുന്നതിലേക്ക് ഇതു ചെന്നെത്താ സഭയുടെ ഭൗതികസ്വത്തുക്കളുടെ മേൽ തുടർന്നുണ്ടായ കേസിൽ മാർ അത്താനാസിയോസ് തോറ്റതോടെ പഴയ സെമിനാരിയും കൈവശമുണ്ടായിരുന്ന പള്ളികളും വിട്ടൊഴിഞ്ഞ് സ്വദേശമായ മാരാമണ്ണിലേക്ക് അദ്ദേഹത്തിന് പോരേണ്ടിവന്നു. അധികം വൈകാതെ അദ്ദേഹം കാലം ചെയ്യുകയുമുണ്ടായി.

 ചിത്രം: ഒരു പഞ്ചകല്യാണി കുതിര

No comments:

Pages