കോട്ടയം ബാവായുടെ പ്രിയഭൂമി; അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന ബന്ധം... - Pallibhagam youth Movement Kudassanad

Breaking

Monday, July 12, 2021

കോട്ടയം ബാവായുടെ പ്രിയഭൂമി; അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന ബന്ധം...


ദേവലോകം അരമന ചാപ്പലിൽ കാതോലിക്കാ ബാവമാരുടെ കബറിടം സ്ഥിതിചെയ്യുന്ന ഇടം. ഇവിടെ ഇടതു വശത്താണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് കബറിടം തയാറാകുന്നത്.

ഡിഗ്രി പഠനത്തിനു ശേഷം 1969ലാണു വൈദിക വിദ്യാർഥിയായി പോൾ കോട്ടയം പഴയ സെമിനാരിയിൽ എത്തുന്നത്. ശെമ്മാശ പദവിയിലേക്ക് ഉയർത്തപ്പെട്ടതും പഴയ സെമിനാരിയിൽ വച്ചാണ്. വൈദിക വിദ്യാർഥികളിൽ അധികംപേരും മാതൃ ഇടവകയിൽവച്ചു പട്ടമേൽക്കുന്നതായിരുന്നു പതിവ്. ഒരു ടെമ്പോയിൽ കയറാവുന്ന ആളുകൾ മാത്രമാണു തന്റെ പട്ടത്വ ശുശ്രൂഷയ്ക്കു നാട്ടിൽനിന്നു വന്നതെന്നു പിന്നീടു പലപ്പോഴും ബാവാ തമാശയായി പറഞ്ഞിട്ടുണ്ട്.

വൈദികനായ ശേഷമാണു കോട്ടയത്തേക്കുള്ള രണ്ടാം വരവ്. സിഎംഎസ് കോളജിൽ സോഷ്യോളജി ബിരുദാനന്തര ബിരുദ പഠനത്തിനാണു ഫാ. കെ.ഐ.പോൾ വീണ്ടുമെത്തിയത്. കോളജിനു സമീപമുള്ള എംജിഒസിഎസ്എം സെന്ററിലായിരുന്നു താമസം. പിന്നീടു സെന്ററിൽ അസി. വാർഡനുമായി. പിന്നീടു തിരുവനന്തപുരം സെന്ററിന്റെ ചുമതലയിലേക്കു മാറി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് കാതോലിക്കാ ബാവായുടെ അസിസ്റ്റന്റ് എന്ന ചുമതലയുമായാണു പൗലോസ് മാർ മിലിത്തിയോസിന്റെ കോട്ടയത്തേക്കുള്ള മൂന്നാം വരവ്. ദേവലോകം അരമനയിലായിരുന്നു താമസം.

2006ൽ നിയുക്ത കാതോലിക്കായായും 2010 മുതൽ കാതോലിക്കാ ബാവായായും ഭരണനിർവഹണം നടത്തിയതും ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽനിന്നാണ്. അന്ത്യവിശ്രമത്തിനു കബർ‍ ഒരുങ്ങുന്നതും ഇതേ മണ്ണിൽ തന്നെ. കോട്ടയവുമായി ബന്ധപ്പെട്ട മത, സാമുദായിക, സാംസ്കാരിക ഉദ്യമങ്ങളിലെല്ലാം പരിശുദ്ധ ബാവായുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. വ്യക്തിബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിരുന്നു. കുന്നംകുളത്തുനിന്നു സഭയുടെ പ്രധാന മേൽപട്ടസ്ഥാനത്തേക്ക് എത്തിയ മൂന്നാമത്തെ മേൽപട്ടക്കാരന്റെയും അന്ത്യവിശ്രമം കോട്ടയത്തുതന്നെയാണെന്നതും അപൂർവതയാണ്.

സാറാ ടീച്ചറുടെ പ്രിയ ശിഷ്യൻ

കോട്ടയം ∙ സാറാ ടീച്ചറെ കാണുമ്പോൾ പരിശുദ്ധ കാതോലിക്കാ ബാവാ എഴുന്നേൽക്കും. വിളിക്കുന്നതു കൊച്ചമ്മേ എന്നും. തന്നെ കാണുമ്പോൾ എഴുന്നേൽക്കരുതെന്നു സാറാ മാത്യു പറഞ്ഞിട്ടുണ്ട്. പക്ഷേ ബാവാ കേൾക്കാറില്ലെന്നു മാത്രം. സിഎംഎസ് കോളജ് സോഷ്യോളജി വിഭാഗം അധ്യാപികയായിരുന്നു സാറാ മാത്യു. 1972–75 കാലഘട്ടത്തിലാണു ബാവാ കോട്ടയം സിഎംഎ‌സ് കോളജിൽ എംഎ സോഷ്യോളജി പഠിച്ചത്. അന്നത്തെ അധ്യാപികയാണു സാറാ മാത്യു. സോഷ്യോളജി വിഭാഗത്തിലെ അധ്യാപകരെ വിദ്യാർഥികൾ കൊച്ചമ്മ എന്നാണ് അന്നു വിളിച്ചിരുന്നത്.

‘പഠനത്തിൽ മിടുക്കൻ. ഒഴിവുസമയങ്ങൾ കണ്ടെത്തി സഹപാഠികളെ പഠനത്തിൽ സഹായിക്കും. ശാന്തസ്വഭാവമാണ്. ക്ലാസ് മുറികളിലെ തമാശക്കൂട്ടങ്ങളിൽ പങ്കെടുക്കും. ഉന്നത പദവികൾ കൈവന്നപ്പോഴും സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചു. സോഷ്യോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിനു ക്ഷണിക്കാൻ എത്തിയ വിദ്യാർഥികളോടു തന്റെ ക്യാംപസ് ദിനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. പഴയകാല കോളജ് ചിത്രം കാട്ടി സുഹൃത്തുക്കളെ പരിചയപ്പെടുത്തി’ – സാറാ മാത്യു ഓർമിക്കുന്നു. 1999ൽ വിരമിച്ച സാറാ മാത്യു കോട്ടയം നഗരത്തിലാണു താമസം.

വൈദിക വിദ്യാർഥിയായ കാലം മുതൽ പരിശുദ്ധ ബാവായെ അടുത്തറിയാവുന്ന അധ്യാപകൻ ഫാ. ടി.ജെ.ജോഷ്വയുടെ സ്മരണകളിലൂടെ...

പ്രാർഥനയിൽ അടിസ്ഥാനപ്പെടുത്തിയ ജീവിതത്തിനുടമയാണു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. വൈദിക വിദ്യാർഥിയായി കാതോലിക്കാ ബാവാ കോട്ടയം പഴയ സെമിനാരിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ അധ്യാപകനാകാനുള്ള നിയോഗം എനിക്കുണ്ടായി. കുന്നംകുളം ഭാഗത്തുനിന്ന് അധികമാളുകൾ സെമിനാരിയിൽ ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹമെത്തുന്നത്. തിരുമേനിയുടെ ഒരു ബന്ധു എന്റെ സ്നേഹിതനുമായിരുന്നു. ഈ കാരണങ്ങൾ മൂലം അന്നു തന്നെ പരിശുദ്ധ പിതാവുമായി മാനസികമായ അടുപ്പം രൂപപ്പെട്ടിരുന്നു.

മറ്റു വിദ്യാർഥികളിൽ അധികം പേരും ക്ലാസുകളിൽ മാത്രം ശ്രദ്ധിച്ചപ്പോൾ അതിനു പുറമേ ചാപ്പൽ ഭംഗിയായി സൂക്ഷിക്കുന്നതിനും പരിശുദ്ധ ബാവാ ശ്രദ്ധിച്ചിരുന്നു. എല്ലാ അർഥത്തിലും നല്ല വിദ്യാർഥിയായിരുന്നു. എറണാകുളം സെന്റ് മേരീസ് പള്ളിയിൽ 2 മാസം ഞാൻ വികാരിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. ഇതേ ദേവാലയത്തിൽ അസിസ്റ്റന്റ് .വികാരിയായി പിന്നീടു തിരുമേനി നിയമിതനായി. ഇടവക പട്ടക്കാരൻ എന്ന നിലയിൽ തന്റെ ചുമതല അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നത് എനിക്കു നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തെ മെത്രാനായി തിരഞ്ഞെടുത്ത കമ്മിറ്റിയിലും ഞാൻ ‍ അംഗമായിരുന്നു. തത്വജ്ഞാനിയോ ബുദ്ധിരാക്ഷസനോ ആയി അദ്ദേഹത്തെ ഞാൻ വിലയിരുത്തില്ല. എന്നാൽ, ഒരു മെത്രാനു വേണ്ട ഏറ്റവും വലിയ സവിശേഷത പരിശുദ്ധ ബാവായ്ക്കുണ്ടായിരുന്നു – ദൈവഭയമുള്ള ജീവിതം. പിന്നീടു മെത്രാനായിരുന്ന അവസരത്തിൽ കുന്നംകുളം അരമനയിൽ അദ്ദേഹത്തിന്റെ ആതിഥേയത്വത്തിൽ കഴിയുന്നതിനു പല തവണ അവസരം ലഭിച്ചു. നാട്ടുകാരനായ ബിഷപ്പിനെ കിട്ടിയെന്ന സന്തോഷവും സംതൃപ്തിയും കുന്നംകുളത്തുകാർക്ക് എക്കാലവും ഉണ്ടായിരുന്നു.

കാതോലിക്കാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പേര് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ, ദൈവഹിതം അതായിരുന്നു. ഞാൻ രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്തും വീട്ടിൽ എത്തിയതിനു ശേഷവും ബാവാ എത്തുകയും സുഖവിവരങ്ങൾ ആരായുകയും ചെയ്തു. അടുത്തയിടെ പരുമലയിൽ‍ ചെന്ന് അദ്ദേഹത്തെ കണ്ടിരുന്നു. തന്റെ തലയിൽ കൈവച്ചു പ്രാർഥിക്കണമെന്ന് തിരുമേനി എന്നോട് ആവശ്യപ്പെട്ടു. ഗുരു എന്ന നിലയിലും എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അതു നീങ്ങിപ്പോകണം എന്നു ആഗ്രഹത്തിലുമാണ് അങ്ങനെ ചെയ്തതെന്നാണ് ഞാൻ കരുതുന്നത്.

ഒന്നിച്ച് ശുശ്രൂഷകൻ; ഓർമയിൽ ഏബ്രഹാം

പഴഞ്ഞി ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കൊപ്പം ബാല്യത്തിൽ സൺഡേ സ്കൂളിൽ പഠിച്ചതിന്റെയും പള്ളിയിൽ ഒന്നിച്ച് ശുശ്രൂഷകൻ ആയി സേവനമനുഷ്ഠിച്ചതിന്റെയും ഓർമയിലാണ് അരിമ്പൂർ വീട്ടിൽ ഏബ്രഹാം. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ സൺഡേ സ്കൂളിലാണ് ഇരുവരും സഹപാഠികളായിരുന്നത്. പഴഞ്ഞി പള്ളിയിൽ നിന്നു 5 കിലോമീറ്ററോളം ദൂരത്തായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവായുടെ വീട്.

വീട്ടിൽ നിന്നു നടന്നു രാവിലെ കുർബാന തുടങ്ങും മുൻപ് തന്നെ അദ്ദേഹം എത്തിയിരുന്നതായി ഏബ്രഹാം ഓർമിക്കുന്നു. അന്നത്തെ വൈദികരായ ജോസഫ് കോറെപ്പിസ്കോപ്പ, സി.വി.ഏബ്രഹാം എന്നിവരിൽ നിന്ന് കുർബാന ഗാനങ്ങളും ശുശ്രൂഷകളും അദ്ദേഹം മനഃപാഠമാക്കിയിരുന്നതായി ഏബ്രഹാം ഓർമിച്ചു. വൈദികനായ ശേഷം പഴഞ്ഞി പള്ളിയിൽ അന്ന് ഫാ. പോൾ ആയിരുന്ന ബാവാ കുർബാന അർപ്പിക്കുമ്പോഴും ശുശ്രൂഷകനായി ഏബ്രഹാം ഉണ്ടായിരുന്നു. ബാവാ പഴഞ്ഞിയിൽ എത്തുമ്പോൾ ഏബ്രഹാം സന്ദർശിക്കാറുണ്ടായിരുന്നു.

കലർപ്പില്ലാത്ത കാരുണ്യം

സഭയെ ജീവനെക്കാൾ സ്നേഹിച്ചിരുന്ന പരിശുദ്ധ കാതോലിക്കാ ബാവാ ഒരിക്കൽ പറഞ്ഞു: ‘ഒരു കൈയിൽ സഭയും മറുകൈയിൽ സ്വന്തം ജീവനുംവച്ച് ഒന്നു തിരഞ്ഞെടുക്കേണ്ടിവന്നാൽ, രണ്ടാമതൊന്ന് ആലോചിക്കാതെ എന്റെ സഭയെ ഞാൻ തിരഞ്ഞെടുക്കും.’ സഭാ വ്യവഹാരങ്ങളുടെ കാലത്തു കലർപ്പില്ലാത്ത നിലപാടുകൾ സ്വീകരിച്ച അദ്ദേഹം സഭയിൽ ശാശ്വത സമാധാനം ആഗ്രഹിച്ചിരുന്നു. എങ്കിലും കാരുണ്യപ്രവാഹങ്ങളുടെ പേരിലാണ് അദ്ദേഹത്തെ സ്മരിക്കേണ്ടത്. ലളിതജീവിതം നയിച്ച ബാവായുടെ മനസ്സ് നിരാലംബർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻപിൽ അലിഞ്ഞുപോയിരുന്നു.

സെറിബ്രൽ പാൾസി ബാധിതനായ അനുഗ്രഹും ആ കുട്ടിയെ സഹോദരതുല്യം സ്നേഹിച്ചു പരിചരിച്ച സഹപാഠി ഫാത്തിമ ബിസ്മിയും കാണാനെത്തിയപ്പോൾ അവരെ സ്വീകരിക്കാൻ പദവിയും നടപടിക്രമങ്ങളും മറന്ന് അദ്ദേഹം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചെന്നു.ഒരിക്കൽ, കാൻസർ ചികിത്സയ്ക്കു ചെന്നൈയിൽ പോയിവന്ന അദ്ദേഹത്തിന്റെ മുൻപിൽ എംബിബിഎസ് വിദ്യാർഥിയായ പെൺകുട്ടി ഫീസ് അടയ്ക്കാനില്ലാത്തതിന്റെ വേദനയുമായി എത്തി. ചികിത്സയുടെ അസ്വസ്ഥതകളും യാത്രാക്ഷീണവും മറന്ന് അദ്ദേഹം കുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ നേരിട്ടു വിളിച്ച് അന്വേഷിച്ചു. മുടങ്ങിയ ഫീസ് ഉൾപ്പെടെയുള്ളത് അടച്ചു.
- ബിജു ഉമ്മൻ ; മലങ്കര അസോസിയേഷൻ സെക്രട്ടറി

ഹൃദ്യം ആ ജീവിതം

1975ൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഞാൻ പഠിക്കുമ്പോൾ മുതൽ പരിശുദ്ധ ബാവായെ വളരെ അടുത്തു പരിചയമുണ്ട്. അന്നു വൈദികനായിരുന്ന അദ്ദേഹം വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി സ്റ്റുഡന്റ്സ് സെന്ററിൽ താമസിക്കുകയായിരുന്നു. അന്നു തുടങ്ങിയ ആത്മബന്ധം അവസാനം വരെ തുടർന്നു.

സെമിനാരി പഠനം കഴിഞ്ഞു ഞാൻ വിയന്ന യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുമ്പോൾ അദ്ദേഹം മെത്രാൻ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും ചെയ്തു. അതിനടുത്ത വർഷം ജർമനിയിലും വിയന്നയിലും മറ്റുമുള്ള മലങ്കര സഭയുടെ ഇടവകകളിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്കു നേതൃത്വം നൽകാൻ എത്തി. ആർഭാടരഹിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതശൈലി. സാധാരണക്കാരനെപ്പോലെ തുറന്ന പ്രകൃതം. ഏതു കാര്യവും തുറന്നു സംസാരിക്കാനും ചർച്ച ചെയ്യാനും സാധിച്ചിട്ടുണ്ട്. പാവനസ്മരണയ്ക്കു മുന്നിൽ അന്ത്യാഞ്ജലി.
- ഫാ. ഡോ. എം.ഒ.ജോൺവൈദിക ട്രസ്റ്റി

കാരുണ്യ പ്രവർത്തനങ്ങളുടെ നാഥൻ

കോട്ടയം ∙ അശരണരെ പരിരക്ഷിക്കാൻ ഓർത്തഡോക്സ് സഭ രൂപീകരിച്ച ‘ആർദ്ര’ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വം കാതോലിക്കാ ബാവായുടെ കൈകളിലായിരുന്നു. നിർധന വിദ്യാർഥികൾക്കുള്ള സ്റ്റഡി കിറ്റ്, വിദ്യാർഥികൾക്കുള്ള വിദ്യാദീപം സ്കോളർഷിപ്, വിദ്യാഭ്യാസ ദത്തെടുക്കൽ പദ്ധതി, വിവിധ ആശുപത്രികളിൽ രോഗികൾക്കു സഹായം, വെള്ളപ്പൊക്ക കെടുതിയിൽ പ്രത്യേക പാക്കേജ്, ഭവന നിർമാണ പദ്ധതികൾ, ആർദ്ര ക്ലിനിക്, ആർദ്ര ഡ്രസ് ബാങ്ക്, ആർദ്ര അന്നദാനം (കുടുംബ സംരക്ഷണം) എന്നീ മേഖലകളിലാണു സേവന പ്രവർത്തനങ്ങൾ.

‘മണവാട്ടിക്ക് ഒരു പുടവ’ പദ്ധതി നൂതന ആശയമായിരുന്നു. നിർധനർക്കു വസ്ത്രം നൽകി സഹായിക്കുന്നതിന് ആർദ്ര ഡ്രസ് ബാങ്ക് ആരംഭിച്ചപ്പോൾ ചിലർ വിവാഹത്തിനു ധരിക്കാൻ വസ്ത്രങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അറിയിച്ചു. ഡ്രസ് ബാങ്കിലേക്കു വരുന്ന പഴയ തുണികൾ വിവാഹ ചടങ്ങുകൾക്കു പോകുന്നവർക്കു കൊടുക്കേണ്ടെന്നും അതിനായി പുതിയ ‘പുടവ’ വാങ്ങി നൽകണമെന്നും ബാവാ പ്രത്യേകം നിർദേശിച്ചിരുന്നതായി ആർദ്ര സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. ഐസക് പാമ്പാടി പറഞ്ഞു.വെള്ളപ്പൊക്ക കെടുതിയിലും കോവിഡ് പ്രതിസന്ധിയിലും ആർദ്ര കുടുംബ സംരക്ഷണ പദ്ധതി പ്രകാരം 150 കുടുംബങ്ങൾക്കു ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുന്നുണ്ട്.

No comments:

Pages